
ലോകത്ത് അറിഞ്ഞോ അറിയാതെയോ കവിതയെഴുതിപ്പോയിട്ടുള്ള അസംഖ്യം മലയാളികള്‍ക്കായി പഴം കവിത നടത്തിയ പ്രഥമ പഴം കവിതാ അവാര്‍ഡ് രായു നിരങ്ങലിന്.ഇതുകേട്ട് ബൂലോകം ഞെട്ടാന്‍ വരട്ടെ! ഇന്ന് ഏപ്രില്‍ ഒന്നല്ല തീയതി! അതുകൊണ്ട് ഇതു സത്യം തന്നെ!
ബൂലോകത്തില്‍ നിന്ന് കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയുമൊക്കെ(ക്ഷമിക്കുക,എല്ലാം തൂലികാനാമങ്ങളാണ്;അങ്ങനെ കവിതയെഴുതണമെന്നാണു വയ്പ്പ്!)ഉള്‍പ്പടെ 1850 ഓളം കവികള്‍(ഓളം കവികള്‍:വിക്കി വിക്കിപ്പീഡികപ്രകാരം ഓളം കവികള്‍ ഒരു പ്രത്യേക ഓളത്തില്‍ മാത്രം കവിതയെഴുതുന്നവരാണ്!) മത്സരത്തില്‍ പങ്കെടുത്തു. മലയാള അച്ചടിമാഫിയാകളില്‍ കവിതയെഴുതുന്ന ആകെ മൊത്തം ടോട്ടല്‍ കവികള്‍ ഇത്രയും വരില്ലെന്നുള്ള കണക്കെടുപ്പുകള്‍ തന്നെ പഴം കവിതാ മത്സരത്തിന്റെ നിലവാരം വെളിവാക്കുന്നു!
ബൂലോകത്തിലെഎഴുത്തുകാരുടെ ദുര്‍ദശാബോധവും വ്യക്ത്യാതിരക്തതയും ചാവാച്യതയും കൂലം കുത്തിയൊഴുകുന്ന പഴം കവികളിലെ കാവ്യശക്തിയെ ഉള്ളിതൊലിക്കുമ്പോലെ തുറന്നുകാട്ടുവാന്‍ സാധിക്കുമാറ് ഓരോ കവിതകളും ഉന്മേഷജമായിരുന്നുവെന്ന് ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി.
ജഡ്ജിങ്ങ് കമ്മറ്റി:
1.രായുവിന്റെ മൂത്ത അമ്മാവന്
2.രായുവിന്റെ രണ്ടാമത്തെ അമ്മാവന്
3.രായുവിന്റെ കയ്യില്‍ നിന്ന് കടം വാങ്ങി മുങ്ങിയ കാവ്യ ഉത്തമന്
4.രായുവിന്റെ ഗ്ലാസ് മേറ്റ്
കണ്ണൂര്‍ പുഴയോരം സ്വദേശിയായ രായു ഇപ്പോള്‍ ഉസ്ബക്കിസ്ഥാനില്‍ ക്രഡിറ്റ്കാര്‍ഡ് വില്‍പ്പനക്കാരനായി ജീവത്രാണനം ചെയ്യുന്നു.ഫെബ്രുവരി 30-ആം തീയതി പഴം കവിത സംഘടിപ്പിക്കുന്ന (ലൊക്കേഷന്‍:കുട്ടനാടന്‍ ഓടിവള്ളം) ബൂലോകകവിതാശില്പശാലയില്‍ പേവാര്‍ഡും ദേസാഫിമാനിപ്പത്രവും സമ്മാനിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുത്ത എല്ലാമണ്ടന്മാര്‍ക്കും അഭിനന്ദങ്ങള്‍.
അവാര്‍ഡിനര്‍ഹമായ കവിത
ഒരു വാറ്റിന്റെ കഥ
രായു നിരങ്ങല്‍
കള്ളവാറ്റു നിന്നപ്പോഴാണ്
തലയിലെ കെട്ടൊന്നിറങ്ങിയത്
കെട്ടൊന്നിറങ്ങിയപ്പോഴാണ്
തുണികളെല്ലാം വാരി മാടത്തിലൊളിച്ചത്
ഒരു മാടം തുറന്നപ്പോഴാണ്
കുടിച്ചു വറ്റാത്ത
ഒരുകുപ്പി കയ്യില്‍ തടഞ്ഞത്.
ഒരു കുടിയന്റേതാകാം
ഒരു കൂട്ടുവാറ്റുകാരന്റേതാകാം
ഒരിക്കലും തെളിയാത്ത
ഒരു കോടസത്തയുടെ തെളിനീരുമാകാം.
കുടലിന് തീ പിടിച്ചപ്പോഴാണ്
വാറ്റ് ആ തലയില്‍ പെരിപ്പിനിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുമക്കുപിടിച്ച്
ഇരുമ്പാര്‍ന്നൊരു പൈങ്കിളി എത്തുന്നു.
കടംപറയാനോ
അടവിറക്കാനോ
ഏതോ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറ പൊട്ടിയ
വാതിലേതെന്നറിയാതെ ദിക്കു തെറ്റിയ പൊട്ടന്
വധംവധിച്ചീ ബൂലോകപ്പരപ്പിലൊരു
ഇടിത്താവളം കണ്ടെത്തിയ പോലെ
ഇന്നുംകൂടിപ്പറ്റില്ലേ..
ഒരു അരക്കുപ്പിക്ക് ഷെയറില്ലേ..
ബാറ്ററിയും അട്ടയുംതരുന്ന..
ആവേശമെന്നേ കരുതിയുള്ളു
തളര്‍ന്നുവീഴാനൊരു
വെയിറ്റിങ്ങ് ഷെഡ്ഡെങ്കിലും വേണമല്ലോ
ബോധം വന്നാലല്ലേ വീട്ടിലെത്താന്‍ പറ്റൂ..!
നാളെയും ഞാനിവിടെ
ഉണ്ടാകുമെന്നീ ബൂലോകരോടെങ്ങിനെ പറയും?
കാണാതെ തിരഞ്ഞെത്തി എന്റെ തലയന്വേഷിച്ച്
വലഞ്ഞ് വട്ടം ചുറ്റുന്ന ഭാര്യ
എന്നെ ശപിക്കുമോ?
അതോ അവള്‍ക്ക്(അവള്‍ക്കെങ്കിലും)
തിരിച്ചു പോകാന്‍ വഴിയറിയുമോ??
പച്ചവെള്ളതില്‍ ലയിക്കുന്ന
വാറ്റിനെ എനിക്ക് സങ്കല്പിക്കാന് കഴിയില്ല;
വാറ്റില്‍ ഞാനും വെള്ളവുമാണല്ലോ ലയിക്കുക!
ആയതിനാല്‍
ലയിച്ചു തീരാത്ത
ഒരസ്ഥിയെങ്കിലും നട്ടെല്ലില്‍ ബാക്കിയാവും വരെ
ഈ മണ്ണില്‍ ഞാന്‍
ഒരു വാറ്റിനായ് കാത്തിരിക്കട്ടേ.....!!
ഇതിനാണ് അവാര്‍ഡുകിട്ടിയതെന്നറിഞ്ഞ് മൂക്കത്ത് വിരല്‍വക്കുന്ന വായനക്കാരാ.....
ഉടന്‍ പ്രതീക്ഷിപ്പിന്....
രായു നിരങ്ങല്‍ എഴുതുന്ന സിനിമാ-സാഹിത്യ നിരൂപണ സമാഹരണ അവലംബങ്ങള്‍!
ആദ്യഭാഗം മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വായനക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോകണമെന്ന് സഹങ്കാരം അഭ്യര്‍ത്ഥിക്കുന്നു!ചര്‍ച്ചയില്‍ “ന്താപ്പോ ചെയ്യാ കുട്ട്യേ?” “ഈ ഓപ്പോളെങ്ങടാ പോയേ?”മാതിരിയുള്ള സവര്‍ണ-പിന്തിരിപ്പന്-മൂരാച്ചി-വള്ളുവനാടന്‍ ഫാഷകള് ഒഴിവാക്കുക!അതിനുപകരം “എന്തര് ചെയ്യാനെടിയപ്പീ?” “ഈ അക്കന് എവിടപ്പോയിക്കെടക്കണായെന്തോ?” തുടങ്ങിയ തനി മലയാളം ഉപയോഗിക്കുക! ഭാഷയുടെ അവലംബങ്ങള്‍ വള്ളുവനാടന്‍ കഥാപാത്രങ്ങളുടെ അധമ-ഫ്യൂഡലിസ്റ്റ് ജിഹ്വകളിലേക്ക് നീളാതിരിക്കട്ടെ!
ആദ്യലേഖനം
ഫാസിലിന്റെ നായികാ-നായക കഥാപാത്രങ്ങളുടെ ചാരിത്ര്യപരമായ നിയോഗം എന്തായിരുന്നു?
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ നെടുങ്കന്‍ ചോദ്യങ്ങളും സംശയങ്ങളുമൊന്നും ചോദിക്കരുത്!അതിനൊക്കെ ഉത്തരം പറയാനുള്ള വളുവളാ നാടന്‍ ഫാഷയൊന്നും അറിയില്ല!സത്യത്തില്‍ ഈ ലേഖനം ഞാന്‍ അവലംബിക്കുന്നത് ലേബലില്‍ പറഞ്ഞിരിക്കുന്നതുപോലെ ഫയര്‍ മാഗസിനില്‍ നിന്നാണ്. എഴുതിയത് സഹജന്.എ.വി.
പണ്ടാരമടങ്ങാന്‍ ഇത് പബ്ലിക്ക് ചെയ്തിട്ട് അയാളെപ്പോയി ചര്‍ച്ചക്കുവിളിച്ചിട്ട് അങ്ങോര് തിരിഞ്ഞുനോക്കിയതുപോലുമില്ല!