Tuesday, June 24, 2008

വര്‍ണവിവേചനം

ഇത് ഒരു കുഞ്ഞിക്കഥയാണ്.ഇത് വായിച്ചിട്ട് ഇത് ലതല്ലേ;ലത് മറ്റതല്ലേ;ലപ്പോ ലത് ലവനല്ലേന്നൊക്കെ ചിന്തിച്ച് എന്റെ മെക്കിട്ട് കേറാന്‍ വരരുത്!!


(ചിത്രത്തിലെ ഒരു പട്ടി കറുത്തതും മറ്റേ പട്ടി വെളുത്തതുമാണ്!


അതൊക്കെക്കണ്ടാല്‍ മനസ്സിലാവാതിരിക്കാന്‍ ഞങ്ങളെന്താടാ “പട്ടീ”കണ്ണുപൊട്ടരാണോ എന്ന് ചോയിക്കുമ്മുമ്പേ...ഒരു തട!! ഇതു കഥയാണ്! നായന്മാരുടേം നായേടെ മക്കളുടേം കഥ!!)

കഥാനായകന്മാര്‍ കറുപ്പന്‍ ചിത്രനും വെളുപ്പന്‍ വിന്നുവും!!

രണ്ടുപേരും ജനിക്കുന്നതിനുമുന്‍പേ ഓടിയിരുന്ന ഞരമ്പുകള്‍ ഒന്നായിരുന്നു. ഓടിത്തളര്‍ന്ന ഏതോ ഒരു രാത്രിയില്‍ ചിത്രന്‍ അവന്റെ അപ്പന്‍ അല്‍‌സേഷിയുടെ മനസ്സിനെ ഇളക്കിമറിച്ച് എവിടെയെങ്കിലും ഇറക്കിവിടാന്‍ പറഞ്ഞു.പുള്ളി വാലിളക്കിക്കൊണ്ട്, നാട്ടുകാരറിഞ്ഞുകെട്ടിക്കൊടുത്ത അഴികളുള്ള കൂട്ടിലേക്ക് ഓടിക്കയറിയെങ്കിലും സ്ഥിരം ഫാര്യ അല്‍‌സേഷിണിയുടെ ആപ്പീസിന് അവധിയാകയാല്‍ റെസ്റ്റെടുക്കുന്നതാണ് കണ്ടത്!

ഇനിയെന്തുവഴിയെന്ന് അടക്കിപ്പിടിച്ചുനിന്ന അപ്പന്‍ പുറത്ത് നിലാവിലേക്ക് ഇറങ്ങിയോടി!

ഉള്ളിലെ നാഡിഞരമ്പുകളില്‍ ചിത്രന് പേപിടിച്ചമാതിരി അങ്കലാപ്പുതുടങ്ങിയിരുന്നു!അല്‍‌സേഷിയപ്പന്റെ മനോമുകുളങ്ങളെ അവന്‍ ഉത്തേജിപ്പിച്ചുകൊണ്ടിരുന്നു...അപ്പാ റിലീസ് മീ..അവന്‍ കേണു!അപ്പന്‍ വീണു!!

ങൌ...എന്നമറിക്കൊണ്ട് അപ്പന്‍ ഡോഗ് ഇരുട്ടിന്റെ മറപറ്റി നടന്നു!

വഴിയോരത്തെ തട്ടുകടയുടെ നെരപ്പിനടിച്ച തടികള്‍ക്ക് ചോട്ടീന്ന് അപ്പന്‍സിന് ഒരു മണം കിട്ടി!

അപ്പന്‍: ഓഹ്....?!

ഇരുട്ട് : ഹ്മ്..ഹ്മ്..!!

പിന്നെ ഇരുട്ട് ഇളകിയാട്ടം തുടങ്ങി! അപ്പന്റെ വെളുത്തഅല്‍‌സേഷന്‍പൂടകള്‍ ആ നാടന്‍കറുമ്പിക്കുമേല്‍ കൊഴിഞ്ഞുവീണു!വിട്ടുപിരിയാനാവാ‍തെ പുറംതിരിഞ്ഞുനടക്കുന്നതിനിടയില്‍ തൊട്ടുമുമ്പ് ഇറക്കിവിട്ട ചിത്രനെക്കുറിച്ച് ആ ദുഷ്ടനായ അല്‍‌സേഷി‍ ചിന്തിച്ചതേയില്ല!തിരികെ കുരക്കാതെ കൂട്ടിലെത്തി ഫാര്യക്കുചാരെ ചുരുണ്ടുകൂടുമ്പോഴും അവന്‍ ചിത്രനെ ഓര്‍ത്തില്ല!!കാലം ഒരു കൊല്ലം കൂടിക്കറങ്ങുമ്പോഴേക്ക് തട്ടുകടയിലെ നെരവുകള്‍ക്കിടയില്‍ നിന്ന് അല്‍‌സേഷന്‍ പൂടകള്‍ കുടഞ്ഞ് ചിത്രന്‍ എണീറ്റുനടക്കാറായി!ഇതിനിടയില്‍ അവന്റെ ലിംഗനിര്‍ണയം നടത്തി ആണായതിന്റെയും കണ്ടാല്‍ അല്‍‌സേഷനായതിന്റേയും പേരില്‍ അടിച്ചുമാറ്റാന്‍ പലരും ശ്രമിച്ചുനോക്കിയെങ്കിലും കറുമ്പിക്ക് തന്റെ നിറത്തിലും അല്‍‌സേഷന്‍ രൂപത്തിലും പിറന്ന ആ പൊന്നോമനയെ അങ്ങനെ വിട്ടുകളയാന്‍ മനസ്സുവന്നില്ല!അവളുടെ കുരയും ചീറ്റലും തട്ടുകടക്കാരന്‍ അവറാച്ചന്റെ സ്വാര്‍ത്ഥതാപരമായ ഇടപെടലുകളും മൂലം അവന്‍ ഒരു മികച്ച കാവല്‍ നായയായി വളര്‍ന്നു.


ഇടക്കിടക്ക് നല്ല തുകലിന്റെ ചെത്ത് കഴുത്തുബെല്‍റ്റുകളുമണിഞ്ഞ് അല്‍‌സേഷിയും അല്‍‌സേഷിണിയും അവരുടെ അല്‍‌സുമോന്‍ വിന്നുവും തട്ടുകടക്കുമുന്നിലൂടെ കറങ്ങാന്‍ പോകുമ്പോള്‍ അതുകണ്ട് കണ്ണുനിറയുന്ന കറുമ്പിയമ്മച്ചി ചിത്രന്റെ കണ്ണിലും വെള്ളത്തിന്റെ പുക നിറച്ചിട്ടുണ്ട്!ആ ഒറ്റരാത്രിയുടെ ഓര്‍മ്മകള്‍ മായ്ക്കുന്നവിധം പലരും പലപല രാത്രികള്‍ സമ്മാനിച്ചിട്ടുണ്ടെങ്കിലും കറുമ്പിക്ക് ജീവിക്കുന്ന സമ്മാനം കൊടുത്ത നായശ്രേഷ്ടനെനോക്കി അവള്‍ നെടുവീര്‍പ്പിടും!ഒരു ചെറിയമുരള്‍ച്ചയോടെ തിര്‍ഞ്ഞുനോക്കിപോകുമ്പോള്‍ അല്‍‌സേഷിയുടെ കണ്ണിലും വെള്ളം പൊടിഞ്ഞിരുന്നോ? അവള്‍ക്ക് ആ ഒരു ദിവസം വരെ അക്കാര്യത്തില്‍ ഉറപ്പില്ലായിരുന്നു!!


അന്ന് കന്നിമാസത്തിന്റെ ആവേശങ്ങള്‍ തണുപ്പിച്ചുകൊണ്ട് തുലാമഴ തുടങ്ങിയ ദിവസമായിരുന്നു...

അപ്രതീക്ഷിതമായി ആ ചായ്പ്പിലേക്ക് അല്‍‌സേഷി ഓടിക്കയറി!


അല്‍‌സു: “എന്റെ മോനെവിടേ കറൂ..?!”


ഓള്‍ : “അവന്‍ കുപ്പയില്‍ ഗവേഷണം പഠിക്കാന്‍ പോയി ചേട്ടാ!”


അല്‍‌സു: “അവനു സുഹമല്ലേടീ?!”


ഓള്‍: “എന്തരു സുഹങ്ങള്?!ഇത്രകാലം കണ്ട എച്ചിലുപെറുക്കി ഞാനവനെ വളര്‍ത്തി...വളരുന്തോറും അവനെ നാട്ടുകാരൊക്കെ നിങ്ങടെ ഛായയുണ്ടെന്നുപറഞ്ഞ് ഇന്‍സള്‍ട്ട് ചെയ്തു!അവന്‍ ആകെ തളര്‍ന്ന് റിബലായിപ്പോക്യാണ് ചേട്ടാ...എനിക്ക് സഹിക്കണില്ല!”


അല്‍‌സു:“എനിക്ക് അവനെക്കുറിച്ച് വിചാരമില്ലാഞ്ഞിട്ടല്ല,എനിക്കങ്ങോട്ട് നിന്നേം അവനേം അസ്കപ്റ്റ്..ശ്ശേ അക്സപ്റ്റ് ചെയ്യാന്‍ പറ്റണില്ല! പിന്നെ...ഞാനിവിടന്ന് പോക്യാണുമുത്തേ...അതാണുഞാനിന്ന് ഇങ്ങോട്ടുവന്നത്!”


ഓള്‍:“ചേട്ടാ..അങ്ങനെയൊന്നും പറയരുത്....എനിക്കതുതാങ്ങാന്‍ പറ്റില്ല!ഇതിപ്പോ കന്നിമാസമൊക്കെ കഴിഞ്ഞ് തുലാമഴതുടങ്ങിയല്ലോ....”


അല്‍‌സു:“ പോടീ നായിന്റെ മോളേ...ഞാന്‍ വന്നത് അതിനല്ല!! ദാ ഇതു നിന്നെ ഏല്‍പ്പിച്ചുപോകാനാണ്!!”അ‌ല്‍‌സു തുകലിന്റെ ഒരു ചുമന്ന ബല്‍റ്റ് അവള്‍ക്കുനേരേ നീട്ടി.എന്നിട്ട് പറഞ്ഞു:“നീ ഇത് ചിത്രന്റെ കഴുത്തില്‍ കെട്ടിക്കൊടുക്കണം! എന്നെങ്കിലും അവന്‍ അപ്പനെപ്പറ്റിച്ചോദിക്കുമ്പോള്‍ നീ ഇതിന്റെ ക്ലിപ്പൂരി അവന്റെ കഴുത്തില്‍ കെട്ടിക്കൊടുക്കണം...എന്നിട്ട് അവനോടു പറയണം... ‘അടങ്ങുചിത്രാ...നീയും ഒരല്‍‌സുവാണെന്ന്...ഒരല്‍‌സൂന്റെ മോനാണെന്ന്!!’


“ഹെന്റെ ചാവാലിമുത്തീ..!!”ലവളുടെ കണ്ണുകളില്‍ ഈറന്‍മേഘം പൂവും കൊണ്ടുവന്നു!


ആ തുലാമഴക്കാലത്തിന്റെ അറുതിയില്‍ വറുതികൊണ്ടുമുട്ടിയ ചിത്രന്‍ ചെക്കന്‍ അമ്മകൊടുത്ത തുകല്‍ ബല്‍റ്റുമിട്ട് സിറ്റിയിലേക്ക് യാത്രയായി..


കാഴ്ചയില്‍ കറുമ്പനെങ്കിലും അവന്റെ ‘അത്സേഷന്‍ ലുക്ക്’ അവനുരക്ഷയായി!നഗരത്തിലെ ഒരു ചിത്രകാരന്‍ അവനിലെ സര്‍ഗചോതനകളെ തിരിച്ചറിഞ്ഞ് അവനെ വളച്ചു!

അയാള്‍ എന്നും കാലത്ത് അവനെക്കൊണ്ട് കലാപരമായി കാന്‍‌വാസില്‍ അപ്പിയിടീക്കും;അതുചരിച്ചുവച്ച് അവനെ അതിലേക്ക് ഒറ്റക്കാലില്‍ മുള്ളിക്കും.ഒരു ഉച്ചര,ഉച്ചേമുക്കാലാവുമ്പോ അത് വെയിലത്ത് ഉരുകിയൊലിച്ച് ഒരു ഉത്തമചിത്രമാകും.അവനെ വീട്ടില്‍ കെട്ടിയിട്ട് അയാള്‍ വൈകിട്ട് ആ കാന്വാസുവുമെടുത്ത് ആര്‍ട്ട്സ് ക്ലബ്ബിലേക്ക്ക് പോകും!

ചിത്രത്തിലെ ഉണങ്ങിയ അപ്പികണ്ട് “ഹൌ! വണ്ടര്‍ഫൂള്‍!!” “ഫണ്ടാസ്റ്റിക്!!” “പൊട്ടാന്‍ മുട്ടി നില്‍ക്കുന്ന ബോംബ്!!” എന്നൊക്കെ ആ മക്കുണന്മാരും മക്കുണാച്ചികളും പ്രകീര്‍ത്തിക്കുന്നതുകേട്ട് ആ കലാകാരന്‍ അങ്ങ് അന്തര്‍ലീനനാകും!ഉള്‍വിളി മൂക്കുമ്പോള്‍ ആ നായ്ക്കാട്ടത്തിന്റെ പടമെടുത്ത് അതിനെക്കാള്‍ നാറ്റമുള്ള സ്വന്തം ബ്ലോഗിലിടും!അവിടെയും ‘ആറുകണ്ടി’ തികച്ചിടാന്‍ പറ്റീട്ടില്ലാത്ത കൂട്ടുകാരന്മാരെത്തും! “ഹൌ വണ്ടര്‍ഫൂള്‍!” “ബോംബ്ലാസ്റ്റിക്” “ഫാമിലി പ്ലാസ്റ്റിക്!” എന്നൊക്കെപ്പറയും!അയാള്‍ അപ്പോ എല്ലാം മറക്കും!!
തന്റെ ചിത്രത്തിനുവേണ്ടി മഹത്തായ പട്ടിക്കാട്ടം തന്ന നായയെ മറക്കും.തള്ളിപ്പറയും!അതു നായയിട്ടതല്ല;മറിച്ച് താന്‍ തന്നെ ഇട്ടതാണെന്നുവരെപ്പറയും!

അതേസമയം...ആ പാവം നായ അടുത്തചിത്രത്തിനുള്ള കാട്ടവുമായി കൂട്ടില്‍ അയാളെ കാത്തുനില്‍ക്കും...

(ചിലപ്പൊ.....ഇതു തുടരും...!!)

Saturday, June 14, 2008

എന്നേം കൂടിക്കൂട്ടൂ...കുറച്ച് ബ്ലോഗിങ്ങ് പാഠങ്ങള്‍ ചൊല്ലിപ്പഠിച്ചു..

ടൈപ്പിപ്പഠിച്ചു....

പോസ്റ്റാന്‍ പഠിച്ചു...

ഈ അരൂപിയെക്കൂടിക്കൂട്ടൂ....