Saturday, August 1, 2009

കണ്ണാടിയില്‍ നോക്കി എഴുതിയ കവിതകള്‍

കണ്ണാടിയില്‍ നോക്കി എഴുതിയ കവിതകള്‍

പ്ലസ് ടൂവിന് പഠിക്കുന്ന ചെറുപയ്യനെന്ന് എഴുതിത്തള്ളിപ്പോകാന്‍ തക്കവണ്ണം നിസാരനല്ലാത്ത കവിയാണെന്റെ പൊന്നനിയന്‍. ചെറുപ്രായത്തിലേ കവിതയെഴുതാന്‍ തുടങ്ങിയതിന്റെ പേരില്‍ ലിംകാ റിക്കാര്‍ഡുബുക്കിലും തികച്ചും ബുദ്ധിജീവിക്കവിതകള്‍ എഴുതുന്നതിന്റെ പേരില്‍ സാഹിത്യാക്കാ ദമീ റിക്കാര്‍ഡിലും പേരുചേര്‍ത്തുകിട്ടാനായി റേഷന്‍ കാര്‍ഡ് കോപ്പി സഹിതം അപേക്ഷകള്‍ എറിയുകയും സ്ഥലം രാഷ്ട്രീയനേതാക്കളില്‍ ബുദ്ധ്യാധിഷ്ഠിതമായ നയസമീപനങ്ങളിലൂടെ തദുദ്യേശ്യാ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്.

2009-ല്‍ ഞാന്‍ എഴുത്തുനിര്‍ത്തിയെന്നു തെറ്റിദ്ധരിച്ചിട്ടൊന്നുമല്ലെങ്കിലും എന്നെ ഹൃദാ തകര്‍ത്തുകൊണ്ട് ചെക്കന്‍ കവിതാ ബ്ലോഗിങ്ങും തുടങ്ങി.

കണ്ണാടി പരിപാടി ഏഷ്യാനെറ്റില്‍ കണ്ട് പൊട്ടിമുളച്ച ആശയാവേശങ്ങളും സാമൂഹ്യപ്രതിബദ്ധതയുമായിരുന്നു കൈമുതല്‍.പിഴച്ചില്ല “കണ്ണാടി നോക്കി എഴുതിയ കവിതകള്‍” ഒന്നിനൊന്ന് മെച്ചപ്പെട്ടവയും കടുത്ത സാമൂഹ്യവിഷയങ്ങളുടെ ഉള്‍ക്കാമ്പ് തേടുന്നവയുമായിരുന്നു.

ഇതറിഞ്ഞ് ഒട്ടേറെ സാധാരണക്കാര്‍ എന്റെ പൊന്നനിയന്റെ കവിതകള്‍ വായിക്കാന്‍ വന്നെങ്കിലും സാധാരണ ബൌദ്ധികനിലവാരമുള്ള ദരിദ്രവാസികള്‍ അഭിപ്രായമെഴുതി നാറ്റിക്കരുതെന്ന് അവന്‍ ഉറപ്പിച്ചുപറഞ്ഞു.



അതായത്....
അജ്ഞാന തിമിരാന്ധസ്യ ഞാനാസന ഹുലാഹയാഎന്നോമറ്റോ പണ്ട് ഭഗവാന്‍ പറഞ്ഞതുപോലെ, സാധാരണക്കാരായ അജ്ഞാനികള്‍ മിണ്ടിപ്പോകരുതെന്ന്!

വേണമെങ്കില്‍ കുറച്ച് സാമ്പിള്‍ കമന്റുകള്‍ അഭിനന്ദനപ്പൂച്ചെണ്ടുകള്‍ ചുറ്റി നടവരാന്തയില്‍ തൂക്കിയിടാം.

പിന്നീടാണ് എന്റെ അനിയന് മനസ്സിലായത് ഇത് ഈ ബ്ലോഗേഴ്സിന്റെ കുറ്റമല്ല,നിറയെ അജ്ഞാനികളായ സാധാരണക്കാരും; അത്യപൂര്‍വ്വമായി,സൈലന്റ് വാലിയില്‍ സിംഹവാലന്മാരെപ്പോലെയോ വിമണ്‍സ് കോളേജില്‍ പൂവാലന്മാരെപ്പോലെയോ മാത്രം കാണപ്പെടുന്ന ബുദ്ധിജീവികളായ കവികളും ഇഞ്ചോടിഞ്ച് പൊരുതുന്ന ഒരു ആവാസവ്യവസ്ഥയാണിതെന്ന്.

വെറും സാധാരണക്കാരായ അജ്ഞാനിബ്ലോഗേഴ്സ് നിരാശരാവരുതെന്നുകരുതി തികച്ചും ദുഃഗ്രാഹ്യമായ തന്റെ വരികളെ വിശദീകരിക്കുവാനുള്ള സൌമനസ്യവും അനിയന്‍ കാണിക്കുന്നു.


ഇത്രയൊക്കെ വിശാലമനസ്കനായ എന്റെ പൊന്നനിയനെ പൊന്നാടയണിയിക്കാന്‍ കൊതിച്ചുതരിച്ച എന്റെ കൈകള്‍ “തീ കണ്ടു പിന്തിരിയുന്ന”തെന്താണെന്നു പറയട്ടെ!

അത് ഒരണ്ണന്‍ അനിയനയച്ച കത്താക്കി ഞാന്‍ തപാല്‍ പെട്ടിയിലിടുന്നു....

അനിയാ..

നീ പ്ലസ് ടൂവിന് പഠിക്കണത് സയന്‍സാണെങ്കിലും ഭാരത ചരിത്രത്തിലും അതിന്റെ സംസ്കാരത്തിലും അതിന്റെ അന്തരാന്തോളനങ്ങളിലൂടെ ഉള്‍വലിയുന്ന രാജ്യസ്നേഹത്തിന്റെ ആവേശനൈരന്തര്യത്തിലും നിന്റെ അവഗാഹം നിഗര്‍ഗളിക്കുകയും അവയൊക്കെ സാധാരണക്കാരന് ദുഗ്രാഹ്യമായ കവിത്വമായി ബഹിര്‍ഗമിക്കുകയും ചെയ്യുന്നതിലെ ലാളിത്യം അഭിനന്ദനീയം തന്നെ!

എന്നും ഇങ്ങനെ തീക്ഷ്ണമായ വരികളിലൂടെ ബുദ്ധിജീവികളെമാത്രം വിറങ്ങലിപ്പിക്കാതെ വല്ലപ്പോഴും,ജസ്റ്റ് ഫോര്‍ എ ഹൊറര്‍,എന്നെപ്പൊലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന വരികളെഴുതുകയോ അവ വരി പെര്‍ വരി ഓര്‍ എവരിവരി വിശദീകരിക്കണമെന്നും അപേക്ഷിക്കുന്നു.

ഇപ്പോള്‍ ഈ കത്തെഴുതാന്‍ കാരണം തികച്ചും മനസ്സിനുപിടിക്കാത്ത/എന്റെ അജ്ഞാനതിമിരം അതിസാരമാകകൊണ്ട് മനസ്സിലാക്കാന്‍ പ്രയാസപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കാനാണ്.

നിനക്കോര്‍മ്മയുണ്ടോ എന്നെനിക്കോര്‍മ്മയില്ല.അന്ന് നീ വെറും രണ്ടാം ക്ലാസില്‍ പഠിക്കുന്നു.
അതായത് പത്തുകൊല്ലം മുന്‍പ് കാര്‍ഗില്‍ യുദ്ധം കഴിഞ്ഞശേഷം ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ നിന്റെ കയ്യില്‍ വച്ചുതന്ന ആ ഇന്ത്യയുടെ മാപ്പ്......അതെവിടേടെ?

നീയത് തുറന്നുനോക്കിക്കാണില്ലെന്ന് എനിക്കുമനസ്സിലായി.
അതോ ഇനി അതിനുശേഷം ഇന്ത്യാ ഗവണ്മെന്റ് ഭാരതഭൂപടത്തിനുമാറ്റം വരുത്താന്‍ സമ്മതിച്ചോ?!

നിനക്കിതെവിടെന്നുകിട്ടിയെടേ?


എന്റെ മാതൃരാജ്യത്തിന്റെ ഭൂപടം ഇങ്ങനെ തലമുണ്ഡനം ചെയ്തുവികൃതമാക്കാന്‍ ഭാവിഭാരതത്തിന്റെ പ്രതീക്ഷയായ ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ കഴിയുന്നു?

സ്വന്തം കവിതകളുടെ വരികളെയല്ല;വിശദീകരണം വേണ്ടത് വിരൂപയായ മാതൃരാജ്യത്തിന്റെ ചിത്രം അതേമണ്ണില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി സ്വന്തം കവിതകളെ അലങ്കരിക്കാന്‍ ഉപയോഗിച്ചതെന്തിന് എന്ന സംശയത്തിനാണ്.

അനിയാ.. നിന്റെ ദേശീയബോധത്തിലോ രാഷ്ട്രസ്നേഹത്തിലോ എനിക്ക് സംശയമില്ല.
അത്ഭുതം... 17 വയസ്സുതികയുമ്പോഴും ഒരു അസാമാന്യനായ വിദ്യാര്‍ത്ഥിയെ നമ്മുടെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ എത്രകണ്ട് ഇക്കാര്യങ്ങളില്‍ അശ്രദ്ധനാക്കുന്നു എന്നതിലാണ്.

ഒരു രാഷ്ട്രം ഒന്നടങ്കം കണ്ണാടിനോക്കാന്‍ സമയമായെന്നുതോന്നുന്നു.