Friday, September 12, 2008

ഹാപ്പി ഓണം

ഹാപ്പി ഓണം!!

(അത്തപ്പൂക്കളം,വള്ളം കളി,പുലികളി,കസവുസാരിയുടുത്ത പെണ്ണുങ്ങള്‍,കുടവയറന്‍ മാവേലി തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ഇവിടെ സങ്കല്‍പ്പിച്ച് വായിക്കുക!)

മു
റ്റത്ത് ഉപ്പില്‍ നിറം ചേര്‍ത്ത് കുട്ടികളുടെ ‘അത്തപ്പൂക്കളമത്സരം’!

അവധിയുടെ അഹങ്കാരത്തില്‍ ഗൃഹനാഥന്മാര്‍ ബാറുകളില്‍ ഒത്തുകൂടി ബിവറേജസ് കോര്‍പ്പറേഷന്റെ നിലവാരത്തെയും രാഷ്ട്രീയഗതിവിഗതികളേയും വിശകലനം ചെയ്യുന്നു!

അടുത്ത ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത “ഓണസദ്യ” കൊണ്ടുവരാന്‍ വൈകുന്നതില്‍ വിഷമിച്ച വീട്ടമ്മമാര്‍ ടി.വി.ക്കു മുന്നില്‍ അസ്വസ്ഥരാകുന്നു!

കലയുടെ കഥകളിമുദ്രകളില്‍ കോര്‍പ്പറേറ്റ് പരസ്യങ്ങളുടെ വികലഭാഷ!

ചെറുപ്പക്കാര്‍ ഓണം അക്ഷരാര്‍ത്ഥത്തില്‍ ആടിത്തിമര്‍ക്കുന്നു...!

കുടവയറന്മാരെ മാവേലിയാക്കി സമരപ്പന്തലുകളില്‍ പട്ടിണിക്കിടുന്നു!

പാവം മുത്തശ്ശിമാര്‍!!
വീടിന്റെ ഉള്ളറകളിലെവിടെയോ...
നരച്ച ഓര്‍മ്മകളില്‍ നിന്ന് അവര്‍ പരതിയെടുക്കുന്ന ഓണം പങ്കുവെക്കാനാളെക്കിട്ടാതെ...
പുറത്തെ ശബ്ദങ്ങളില്‍ക്കുഴങ്ങി...
പതിയെ ഉറങ്ങുന്നു!

ചടങ്ങുതെറ്റിക്കാതെ അരൂപിയും പറയുന്നു!

“ഹാപ്പി ഓണം!!”

“എന്താ മോനേ...?!” അകത്തെവിടെയോ നിന്ന് അടര്‍ന്നുവീഴുന്ന ഒരു വൃദ്ധശബ്ദം!

“ഹാപ്പി ഓണം...അതായത്..
അതിപ്പോ...
മലയാളത്തിലും അതിപ്പോ അങ്ങനെതന്നാ അമ്മൂമ്മേ..!”

Thursday, September 4, 2008

ഒന്നും സ്വന്തമല്ലാത്ത സ്വന്തം രെജി!!

ഒന്നും സ്വന്തമല്ലാത്ത സ്വന്തം രെജി!!

ഈ പാവത്തിന്റെ മുഖത്തുനോക്കിയാല്‍ എന്തെങ്കിലും കള്ളലക്ഷണമുണ്ടോ?
ഇല്ലേയില്ല! ബൂലോകത്തുള്ളതെല്ലാം സ്വന്തമായിക്കരുതുന്ന എല്ലാവരുടേയും സ്വന്തം രെജിയാണിത്!
ഈ ചിത്രത്തില്‍ കാണുന്നത് ഏതെങ്കിലും ഒരു രെജിയുടെ ചിത്രമാണോ എന്നുതന്നെ അരൂപിക്കുട്ടന് സംശയമുണ്ട്!!

ഇദ്ദേഹത്തിന്റെ ഒരു പരാതി ബൂലോകപ്പോലീസിനുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. ഒരു ഡമ്മിയൊക്കെയിട്ട് കേസന്വേഷണം നടത്തി. കുറ്റം പറയരുതല്ലോ.. ഈ പാവം കുത്തിയിരുന്ന് എഴുതിയുണ്ടാക്കി ബ്ലോഗിലിടുന്നതിനുമുമ്പേ ബൂലോകത്ത് തലതൊട്ടപ്പന്മാരും അമ്മച്ചിമാരുമായിട്ടു നടക്കുന്ന ചിലരൊക്കെ അതു മോഷ്ടിച്ച് അവരുടെ ബ്ലോഗുകളില്‍ കൊണ്ടുപോയി പതിപ്പിച്ച് കയ്യടിവാങ്ങുന്നു.

അമ്മാവന്‍ അങ്കമാലീലെ പ്രധാനമന്ത്രിയായിട്ട് എന്തുകാര്യം?!ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ?!

അരൂപിക്കുട്ടന്‍ ഈയിടെയായി മിന്നാമിനുങ്ങോമാനിയാക്ക് ചികിത്സയിലാരുന്നു. എവിടെ എന്തുകണ്ടാലും അതിലെവിടെങ്കിലും ഒരു മിന്നാമിനുങ്ങിടച്ചുണ്ടോന്ന് സംശയിച്ച് തലചൊറിഞ്ഞ് നില്‍ക്കും! രെജിയുടെ ബ്ലോഗിന്റെ തലവാചകം കണ്ടപ്പോഴാണ് മോഷണത്തിന്റെ ആ ട്രെയിന്‍ ഓടിയിരിക്കുന്നത് ശ്രദ്ധിച്ചത്....
എരന്നുതിന്നുന്നവനെ തൊരന്നുതിന്നുന്നവന്‍ എന്നുതുടങ്ങി ‘കിലുക്കം’സിനിമയില്‍ ജഗതിയും ലാലേട്ടനും പറഞ്ഞ അശ്ലീലങ്ങളെയൊക്കെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അതങ്ങനെ നീണ്ടുകിടക്കുന്നു!
പാവം സജി ഇതെവിടുന്നാ പൊക്കിയതെന്ന് അന്തം വിട്ടുനില്‍ക്കുന്നവര്‍ ആ അന്തം ഒന്നു മുറുക്കെപ്പിടിച്ചോളൂ..ഇല്ലെങ്കില്‍ വീണ്ടും വിട്ടുപോവും!


ഇതിലെ ചില വരികളാണല്ലോ സ്വന്തം രെജിയുടെ ബ്ലോഗിന്റെ തലക്കെട്ട്!!

യ്യോ..!!

ദേ.. സജിയുടെ കലാലയസന്ധ്യ ഇവിടെ... രെജിയുടെ സ്വന്തം!!

പാവം സജി!!

ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍........

ഒടുങ്ങുന്നില്ല....

ചൈനയില്‍ മഴ പെയ്തത് രെജി അറിഞ്ഞിരുന്നു.



പക്ഷേ നമ്മുടെ സാബു പ്രയാര്‍ അതല്പം നേരത്തേ അറിഞ്ഞുപോയി!


മഴയിപ്പോ ചന്നം പിന്നംന്ന് എല്ലായിടത്തും ഒരുപോലായിരിക്കുമല്ലോന്നുകരുതി പോകാനൊരുങ്ങുമ്പോഴാണ് രെജിയുടെ ഏതോ പഴയ ഒരു അപര്‍ണയുടെ ദൈവീകദര്‍ശനം കാണുന്നത്..!


അദ്ധ്യാപകദിനത്തിന്റെയന്നെങ്കിലും ഗുരുത്വദോഷം പറയരുതല്ലോ?! ഈ കഥ പണ്ടേ വേറൊരാള്‍ പൊക്കിയിരുന്നു...നമ്മുടെ ശ്രീയേച്ചി!!



ഇങ്ങനെയുമുണ്ടോ നാണം കെട്ട കോപ്പിയടിയെന്ന് വ്യക്തിഹത്യാപരമായി ചിന്തിച്ച അരൂപിക്കുട്ടനെ അല്പമൊന്ന് സമാധാനിപ്പിച്ചത് അല്പം ടെക്നിക്കോളജിയൊക്കെയുള്ള ഒരു പോസ്റ്റായിരുന്നു!



ഇതുവായിച്ചിട്ട് എന്റെ പഴയ ഡീസല്‍ എഞ്ചിന്‍ ഉടന്‍ മാറ്റിക്കളയാം എന്നുകരുതിയിറങ്ങിയോടാന്‍ തുടങ്ങുമ്പോഴാണ് ഇതേ എഞ്ചിന്‍ ഘടിപ്പിച്ച ഒരു പഴയവണ്ടിയെപ്പറ്റി ഓര്‍മ്മവന്നത്..


ഈശ്വരോ രക്ഷതു! രെജി ആ സൈഡുമാറ്റിക്കൊടുത്തിരിക്കുന്ന കൈപ്പള്ളീടെ ബൈബിളിലേക്കുള്ള ലിങ്ക് ലവനെ രക്ഷിക്കട്ടെ!

അരൂപിക്കുട്ടന്‍ ചിരിച്ചുചിരിച്ച് മരിച്ചുപോയേനെ!(ഹോ..എങ്കില്‍ എത്ര നന്നായിരുന്നു എന്നല്ലേ? ഇമ്മിണി പുളിക്കും! ങാഹാ!!)

അനോണിമാഷ് നമ്മുടെ പാവം രെജിയുടെ ഒരു ഫലിതബിന്ദു കോപ്പിചെയ്ത് പണ്ടേ സാബു പ്രയാറിനെ ചിരിപ്പിക്കാന്‍ ഒരു കമന്റായിട്ടിട്ടിരിക്കുന്നു! എന്താ അമ്മാളൂ... കഷ്ടല്ലേ??!


വയ്യ...എനിക്കിനി വയ്യ!!

ഈ ബൂലോകത്തില്‍ തനിക്കുള്ളതൊക്കെ അന്യര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചുകൊടുക്കുന്ന ആ മഹാനുഭാവന്റെ ബ്ലോഗിലെ ഒന്നൊഴികെ എല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.
ചോദിക്കാനാരുമില്ലേ?! കഷ്ടം തന്നെ!!!

ഒന്നൊഴികെ”എന്നുപറഞ്ഞതെന്താണെന്നാണുചോദ്യമല്ലേ?



കര്‍ത്താവേ ഈ പോസ്റ്റും ഇനി മോഷണമായിരുന്നുവെന്ന് കേള്‍ക്കേണ്ടിവരരുതേ...!!