Saturday, August 1, 2009

കണ്ണാടിയില്‍ നോക്കി എഴുതിയ കവിതകള്‍

കണ്ണാടിയില്‍ നോക്കി എഴുതിയ കവിതകള്‍

പ്ലസ് ടൂവിന് പഠിക്കുന്ന ചെറുപയ്യനെന്ന് എഴുതിത്തള്ളിപ്പോകാന്‍ തക്കവണ്ണം നിസാരനല്ലാത്ത കവിയാണെന്റെ പൊന്നനിയന്‍. ചെറുപ്രായത്തിലേ കവിതയെഴുതാന്‍ തുടങ്ങിയതിന്റെ പേരില്‍ ലിംകാ റിക്കാര്‍ഡുബുക്കിലും തികച്ചും ബുദ്ധിജീവിക്കവിതകള്‍ എഴുതുന്നതിന്റെ പേരില്‍ സാഹിത്യാക്കാ ദമീ റിക്കാര്‍ഡിലും പേരുചേര്‍ത്തുകിട്ടാനായി റേഷന്‍ കാര്‍ഡ് കോപ്പി സഹിതം അപേക്ഷകള്‍ എറിയുകയും സ്ഥലം രാഷ്ട്രീയനേതാക്കളില്‍ ബുദ്ധ്യാധിഷ്ഠിതമായ നയസമീപനങ്ങളിലൂടെ തദുദ്യേശ്യാ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്.

2009-ല്‍ ഞാന്‍ എഴുത്തുനിര്‍ത്തിയെന്നു തെറ്റിദ്ധരിച്ചിട്ടൊന്നുമല്ലെങ്കിലും എന്നെ ഹൃദാ തകര്‍ത്തുകൊണ്ട് ചെക്കന്‍ കവിതാ ബ്ലോഗിങ്ങും തുടങ്ങി.

കണ്ണാടി പരിപാടി ഏഷ്യാനെറ്റില്‍ കണ്ട് പൊട്ടിമുളച്ച ആശയാവേശങ്ങളും സാമൂഹ്യപ്രതിബദ്ധതയുമായിരുന്നു കൈമുതല്‍.പിഴച്ചില്ല “കണ്ണാടി നോക്കി എഴുതിയ കവിതകള്‍” ഒന്നിനൊന്ന് മെച്ചപ്പെട്ടവയും കടുത്ത സാമൂഹ്യവിഷയങ്ങളുടെ ഉള്‍ക്കാമ്പ് തേടുന്നവയുമായിരുന്നു.

ഇതറിഞ്ഞ് ഒട്ടേറെ സാധാരണക്കാര്‍ എന്റെ പൊന്നനിയന്റെ കവിതകള്‍ വായിക്കാന്‍ വന്നെങ്കിലും സാധാരണ ബൌദ്ധികനിലവാരമുള്ള ദരിദ്രവാസികള്‍ അഭിപ്രായമെഴുതി നാറ്റിക്കരുതെന്ന് അവന്‍ ഉറപ്പിച്ചുപറഞ്ഞു.



അതായത്....
അജ്ഞാന തിമിരാന്ധസ്യ ഞാനാസന ഹുലാഹയാഎന്നോമറ്റോ പണ്ട് ഭഗവാന്‍ പറഞ്ഞതുപോലെ, സാധാരണക്കാരായ അജ്ഞാനികള്‍ മിണ്ടിപ്പോകരുതെന്ന്!

വേണമെങ്കില്‍ കുറച്ച് സാമ്പിള്‍ കമന്റുകള്‍ അഭിനന്ദനപ്പൂച്ചെണ്ടുകള്‍ ചുറ്റി നടവരാന്തയില്‍ തൂക്കിയിടാം.

പിന്നീടാണ് എന്റെ അനിയന് മനസ്സിലായത് ഇത് ഈ ബ്ലോഗേഴ്സിന്റെ കുറ്റമല്ല,നിറയെ അജ്ഞാനികളായ സാധാരണക്കാരും; അത്യപൂര്‍വ്വമായി,സൈലന്റ് വാലിയില്‍ സിംഹവാലന്മാരെപ്പോലെയോ വിമണ്‍സ് കോളേജില്‍ പൂവാലന്മാരെപ്പോലെയോ മാത്രം കാണപ്പെടുന്ന ബുദ്ധിജീവികളായ കവികളും ഇഞ്ചോടിഞ്ച് പൊരുതുന്ന ഒരു ആവാസവ്യവസ്ഥയാണിതെന്ന്.

വെറും സാധാരണക്കാരായ അജ്ഞാനിബ്ലോഗേഴ്സ് നിരാശരാവരുതെന്നുകരുതി തികച്ചും ദുഃഗ്രാഹ്യമായ തന്റെ വരികളെ വിശദീകരിക്കുവാനുള്ള സൌമനസ്യവും അനിയന്‍ കാണിക്കുന്നു.


ഇത്രയൊക്കെ വിശാലമനസ്കനായ എന്റെ പൊന്നനിയനെ പൊന്നാടയണിയിക്കാന്‍ കൊതിച്ചുതരിച്ച എന്റെ കൈകള്‍ “തീ കണ്ടു പിന്തിരിയുന്ന”തെന്താണെന്നു പറയട്ടെ!

അത് ഒരണ്ണന്‍ അനിയനയച്ച കത്താക്കി ഞാന്‍ തപാല്‍ പെട്ടിയിലിടുന്നു....

അനിയാ..

നീ പ്ലസ് ടൂവിന് പഠിക്കണത് സയന്‍സാണെങ്കിലും ഭാരത ചരിത്രത്തിലും അതിന്റെ സംസ്കാരത്തിലും അതിന്റെ അന്തരാന്തോളനങ്ങളിലൂടെ ഉള്‍വലിയുന്ന രാജ്യസ്നേഹത്തിന്റെ ആവേശനൈരന്തര്യത്തിലും നിന്റെ അവഗാഹം നിഗര്‍ഗളിക്കുകയും അവയൊക്കെ സാധാരണക്കാരന് ദുഗ്രാഹ്യമായ കവിത്വമായി ബഹിര്‍ഗമിക്കുകയും ചെയ്യുന്നതിലെ ലാളിത്യം അഭിനന്ദനീയം തന്നെ!

എന്നും ഇങ്ങനെ തീക്ഷ്ണമായ വരികളിലൂടെ ബുദ്ധിജീവികളെമാത്രം വിറങ്ങലിപ്പിക്കാതെ വല്ലപ്പോഴും,ജസ്റ്റ് ഫോര്‍ എ ഹൊറര്‍,എന്നെപ്പൊലുള്ള സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന വരികളെഴുതുകയോ അവ വരി പെര്‍ വരി ഓര്‍ എവരിവരി വിശദീകരിക്കണമെന്നും അപേക്ഷിക്കുന്നു.

ഇപ്പോള്‍ ഈ കത്തെഴുതാന്‍ കാരണം തികച്ചും മനസ്സിനുപിടിക്കാത്ത/എന്റെ അജ്ഞാനതിമിരം അതിസാരമാകകൊണ്ട് മനസ്സിലാക്കാന്‍ പ്രയാസപ്പെട്ട ഒരു കാര്യം ചൂണ്ടിക്കാണിക്കാനാണ്.

നിനക്കോര്‍മ്മയുണ്ടോ എന്നെനിക്കോര്‍മ്മയില്ല.അന്ന് നീ വെറും രണ്ടാം ക്ലാസില്‍ പഠിക്കുന്നു.
അതായത് പത്തുകൊല്ലം മുന്‍പ് കാര്‍ഗില്‍ യുദ്ധം കഴിഞ്ഞശേഷം ഞാന്‍ നാട്ടില്‍ വന്നപ്പോള്‍ നിന്റെ കയ്യില്‍ വച്ചുതന്ന ആ ഇന്ത്യയുടെ മാപ്പ്......അതെവിടേടെ?

നീയത് തുറന്നുനോക്കിക്കാണില്ലെന്ന് എനിക്കുമനസ്സിലായി.
അതോ ഇനി അതിനുശേഷം ഇന്ത്യാ ഗവണ്മെന്റ് ഭാരതഭൂപടത്തിനുമാറ്റം വരുത്താന്‍ സമ്മതിച്ചോ?!

നിനക്കിതെവിടെന്നുകിട്ടിയെടേ?


എന്റെ മാതൃരാജ്യത്തിന്റെ ഭൂപടം ഇങ്ങനെ തലമുണ്ഡനം ചെയ്തുവികൃതമാക്കാന്‍ ഭാവിഭാരതത്തിന്റെ പ്രതീക്ഷയായ ഒരു വിദ്യാര്‍ത്ഥിക്ക് എങ്ങനെ കഴിയുന്നു?

സ്വന്തം കവിതകളുടെ വരികളെയല്ല;വിശദീകരണം വേണ്ടത് വിരൂപയായ മാതൃരാജ്യത്തിന്റെ ചിത്രം അതേമണ്ണില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി സ്വന്തം കവിതകളെ അലങ്കരിക്കാന്‍ ഉപയോഗിച്ചതെന്തിന് എന്ന സംശയത്തിനാണ്.

അനിയാ.. നിന്റെ ദേശീയബോധത്തിലോ രാഷ്ട്രസ്നേഹത്തിലോ എനിക്ക് സംശയമില്ല.
അത്ഭുതം... 17 വയസ്സുതികയുമ്പോഴും ഒരു അസാമാന്യനായ വിദ്യാര്‍ത്ഥിയെ നമ്മുടെ വിദ്യാഭ്യാസക്കച്ചവടക്കാര്‍ എത്രകണ്ട് ഇക്കാര്യങ്ങളില്‍ അശ്രദ്ധനാക്കുന്നു എന്നതിലാണ്.

ഒരു രാഷ്ട്രം ഒന്നടങ്കം കണ്ണാടിനോക്കാന്‍ സമയമായെന്നുതോന്നുന്നു.

Wednesday, December 31, 2008

2009

2008-ല്‍ എന്നെ ആരും തല്ലിക്കൊന്നില്ല!
നന്ദി!!

2009!!

ഹോ.. പേടിയാകുന്നു!

എങ്കിലും പതിയെ കാലെടുത്തുവക്കാം!

എന്റെ ലോകനാര്‍ ഇഞ്ചിയമ്മേ....

കണ്ട്രോളുതരണേ...!!

എല്ലാര്‍ക്കും പുതുവത്സരാശംസകള്‍!!

Saturday, November 1, 2008

തന്റെയീ ചിരി(സ്മൈലി)യുണ്ടല്ലോ...?!

തന്റെയീ ചിരി(സ്മൈലി)യുണ്ടല്ലോ...?!


കുറേക്കാലമായിങ്ങനെ കമന്റുബോക്സിലിട്ട് അമ്മാനമാടുന്ന ഈ ചിരി...ഉപജാപകന്റെ ചിരി,അതായത് ഇസ്മായ്ലി! :)


പണ്ട് സുരേഷ് ഗോപി മാത്രം പറഞ്ഞിരുന്ന ഈ ഡലഹോഗ്(റഫ: കൈപൊള്ളീസ് ഡിക്ഷ്ണറി) ഇപ്പോ ചില തിരോന്തരത്തെ പോട്ടം പിടി സ്പേഷേലിസ്റ്റ് ബ്ലോഗറേഴ്സും പറഞ്ഞ് തൊടങ്ങീരിക്കണ്...

ചുമ്മാ ആര്‍ക്കും കേറിയങ്ങു ബ്ലോഗാമെന്നായെന്ന് ജനം പറഞ്ഞുതുടങ്ങിയിരിക്കുന്ന ഇക്കാലത്തുതന്നെ രണ്ടുകയ്യും പൊള്ളിയ ഒരു അണ്ണന്‍ ഒരു രാജ്യത്തെത്തന്നെ കേറിയങ്ങു ബ്ലോഗിയേച്ചുപോയി!


(Kaipolly കൈപൊള്ളി
ഷാര്‍ജ്ജ
ചുമ്മ അമേരിക്കക്കുവേണ്ടി അന്താരാഷ്ട്ര 3D പോട്ടം പിടിക്കണ ഒരു അണ്ണന്‍. ഷര്‍ജ്ജ)

“അതിന് നെനക്കെന്തരടേയപ്പീ?”യെന്ന് ചിലപ്പോള്‍ ആ അണ്ണന്‍ ചോദിക്കുമായിരിക്കും. അതങ്ങനെയാണ്! ചിലര്‍ വെറും ഷാര്‍ജ്ജ(ഷര്‍ജ്ജയാണോ എന്ന് തീരുമാനമായിട്ടില്ല)ക്കാരായിമാത്രം മാറുകയും മലയാളവും ബൈബിളും വെറും വിസിനസായിപ്പോവുകയും ചെയ്യുന്നു.

പാപ്പരത്തത്തിന്റെ കാര്യത്തിലും പട്ടിണിയുടെ കാര്യത്തിലും നമ്മുടെ രാജ്യം(ഇന്ത്യയെന്നാണ് ഉദ്ദേശിച്ചത്,അമേരിക്കയെന്നല്ല) തുറന്നുകാണിക്കപ്പെട്ടത് മാധ്യമരംഗത്ത് കിട്ടിയ അമിതസ്വാതന്ത്ര്യം ചില വങ്കന്മാര്‍ ദുരുപയോഗം ചെയ്തതുകൊണ്ടുമാത്രമാണ്. റഷ്യയിലെയും ചൈനയിലേയും അമേരിക്കയിലേയും ദരിദ്രകോലങ്ങള്‍ അനാവൃതമാകാതെ നിന്നത് അവിടുത്തെ അതേ അസ്വാതന്ത്ര്യം കൊണ്ടുതന്നെയാവണം. ഒന്നും കാലാതിവര്‍ത്തിയല്ലെന്നറിയാം...

എങ്കിലും മി.ഹാന്‍ഡ് ബേണ്ഡ്( കൈപൊള്ളി) കാണിച്ചത് അത്തരമൊരു മനോവൈകല്യം തന്നെന്നു തോന്നുന്നു.ഇന്ത്യയുടെ ചന്ദ്രയാന്‍ പരീക്ഷണങ്ങളെ ലോകം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നതിനിടയില്‍ ഇന്ത്യയില്‍ നിന്നുമാത്രമാകും ഇത്തരം സ്വയം നാറ്റുന്ന “കലാസൃഷ്ടികള്‍” ഉണ്ടാവുക!

പാവങ്ങള്‍,പട്ടിണിപ്പാവങ്ങള്‍,ദരിദ്രര്‍ എന്നൊക്കെപ്പറഞ്ഞ് സ്വന്തം രാജ്യത്തെ താറടിക്കുകയും മഹത്തായ ഒരു പരീക്ഷണത്തെ ഒരു പീറപ്പടം കൊണ്ട് അധിക്ഷേപിക്കുകയും ചെയ്യുന്നതിനു പകരം വീട്ടിലിരുന്ന് പിള്ളാരെക്കുളിപ്പിക്കുകയോ കളിപ്പിക്കുകയോ ചെയ്യുന്നതാണ് മഹത്തരം. (കലാപരമായി നോക്കിയാല്‍ ചില സഗീറിയന്‍ കൃതികളുടെ ഏഴയല്പക്കത്തുവരുന്നില്ല ആ ചിത്രം!!)

പണ്ടൊരു അധികപ്രസംഗത്തിനെതിരേ ബൂലോകത്ത് സമരം നടത്തിയപ്പോള്‍ ഒരു പുസ്തകം കത്തിച്ച് അത് (തീയോടെയല്ല,വെറും പോട്ടം!!)ബ്ലോഗിലിട്ടയാളാണ്....!

കണ്ട സാമൂഹ്യ പ്രസന(റഫ.മറ്റേ ഡിക്ഷ്നരി)ങ്ങളിലൊക്കെ കയറി ഉടക്കി അലമ്പാക്കുന്നയാളാണ്...

കുറച്ചുനാളായി ഏഭ്യത്തരങ്ങളൊക്കെ നിര്‍ത്തി ബ്ലോഗേഴ്സിനാവശ്യമുള്ള ചില സോഫ്റ്റ് വയറുകള്‍ ഉണ്ടാക്കുന്ന തിരക്കിലായിരുന്നുവെന്ന് തോന്നുന്നു.പക്ഷേ... റിട്ടേണ്‍ ആഫ് ദി ഡ്രാഗണ്‍!
വീണ്ടും വന്നിരിക്കുന്നു.

ചന്ദ്രയാന്‍ പരീക്ഷണങ്ങള്‍ക്കുള്ള ആമ്പിയര്‍ ഇന്ത്യക്കുണ്ടോ എന്ന് അമേരിക്കയുടെ അടുക്കളവിവരങ്ങള്‍ നിരത്തി അളക്കുന്നവര്‍ക്ക് ബ്ലോഗില്‍ ഇങ്ങനെയൊരു മഹാ ലേഖനവും വായിക്കാന്‍ കിട്ടുന്നത് ഫാഗ്യം( ഇങ്ങനെ തന്നേ?!) തന്നെ!

ലാലുപ്രസാദ് 900 കോടി മുക്കിയ കാലിത്തീറ്റക്കേസിനെക്കുറിച്ചില്ലാതിരുന്ന വേവലാതികളൊക്കെ ഇപ്പോ എന്തരിനാ എന്തോ?

അമേരിക്ക അതു ചെയ്തു, അമേരിക്ക ഇതു ചെയ്തു , അമേരിക്ക പുതിയ പ്രസിഡന്റിനെ തെരെഞ്ഞെടുത്തു....
അമേരിക്ക തുമ്മുന്നതിലും തൂറുന്നതിലും കുളിരുകോരുന്ന ഇത്തരം അണ്ണന്മാര്‍ക്ക് പാവം “ദരിദ്ര ഇന്ത്യ” ചന്ദ്രനിലോട്ട് വണ്ടിവിട്ടാ സഹിക്കൂല്ലല്ലേ?

ചന്ദ്രനിലെ മുയലിനല്ല മൂന്നുകൊമ്പെന്നുതോന്നുന്നു; അമേരിക്കയുടെ അഭിമാനം കാക്കാന്‍ അണ്ണന്‍ കൈപൊള്ളിപ്പിടിച്ച മുയലിനാണ് മൂന്ന് കൊമ്പ്!

അല്ലെങ്കിലും പണ്ടേ പുള്ളി പിടിക്കുന്ന മുയലുകള്‍ക്കൊക്കെ.......!!

Tuesday, October 7, 2008

അനോണിമാഷിനെ നാറ്റിക്കാന്‍...!

അനോണിമാഷിനെ നാറ്റിക്കാന്‍...!

ആര്‍ക്കും ആരെയും നാറ്റിക്കാന്‍ ഏറെപ്പണിപ്പെടേണ്ടാത്ത ഒരു തട്ടകമായി ബൂലോകം വളര്‍ന്നുപടര്‍ന്ന് അതിന്റെ നാരായവേരുകള്‍ കമ്പോസ്റ്റുകളിലേക്ക് ആഴ്ത്തിയിരിക്കുന്നുവല്ലോ!

ബ്ലോഗറാവുക എന്നത് “ഒരു പൂ പറിക്കുമ്പോലെ” വളരെ ഈസിയായ പണിയാണ്... അപ്പോള്‍ പിന്നെ ഈ ധാരാവിയിലൊക്കെ ചേരികളില്‍ ‘ഒഴിപ്പിച്ചു’നടന്നവന്മാരുടെ കാര്യം പറയണോ?!കള്ളന്മാര്‍ ഇവിടെ പെരുകിക്കൊണ്ടേയിരിക്കും!

സഗീറിയന്‍ കവിതകളില്‍ മാത്രം കണ്ടുവരുന്ന വ്യാകരണനിയമങ്ങളെയും അദ്ദേഹത്തിന്റെ തനതുമോഷണങ്ങളേയും ചേമ്പിലപ്പുറത്തൊഴിക്കുന്ന വെള്ളത്തിനുസമം ഉപദേശിച്ചുനന്നാക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ അനോണിപ്പുലി പഴയ കുപ്പായത്തിലേക്ക് കടന്നുവന്ന അതേദിവസം തന്നെ അങ്ങോരെനാറ്റിക്കാന്‍ മറ്റൊരുത്തന്‍ ഇറങ്ങിപ്പുറപ്പെട്ടു! അന്നേ അനോണിമുറ്റത്തെ ഗുപ്ത്കുമാര്‍ പുള്ളിക്കെതിരേ വാണിങ്ങം തൊടുത്തിരുന്നു....എവിടെ ഏശാന്‍?!

സ്വന്തമായി ഒന്നും ചെയ്യാനില്ലാത്തവന്‍ അനോണിയാകുന്നതുകൊണ്ടും നേട്ടമൊന്നുമില്ല!മുഖം മൂടിയിട്ടാല്‍ ചുരുങ്ങിയത് തല്ലുകൊള്ളാതെയെങ്കിലും ഇരിക്കണം!

കള്ള അനോണിമാഷിന്റെ ബ്ലോഗ് തുടര്‍ച്ചയായി മോഷണമുതലുകള്‍ കൊണ്ട് നിറക്കുകയാണ്..

ആദ്യപോസ്റ്റുതന്നെ അനോണിമാഷിന്റെ ഗുരുപൂജയെ കോപ്പിയടിച്ചുകൊണ്ടായിരുന്നു!
ഇത് അസല്‍;അതില്‍ ലതിന്റെയൊക്കെ ആത്മാവും പരമാത്മാവുമായ ഗുപ്തന്‍ കള്ളന്റെ ലിങ്കും കൊളുത്തി!


ഉടന്‍ തന്നെ കള്ള അനോണിമാഷ് അതെടുത്ത് പോസ്റ്റാക്കി!



അതിന്റെ ചാരിതാര്‍ത്ഥ്യം ആ അല്പന്‍ അനുഭവിച്ചുകാണും.അതുകൊണ്ടാവും തുടരെ എല്ലാം മോഷണമായി!

സഞ്ചാരസാഹിത്യത്തില്‍ പൊറ്റക്കാടിനുശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരമാകാന്‍ വേണ്ടിമാത്രം ബ്ലോഗെഴുതുന്ന അമേരിക്കന്‍ അമ്മായിയുടെ “ഫ പുല്ലേ”ക്ക് പുല്ലുവിലപോലും കൊടുക്കാതെ പുള്ളി കൊണ്ടുപോയി!



പുല്ലു പറി”യാക്കിയെന്നുമാത്രം!



അതിനുമുന്‍പേ പാലക്കാട്ടൂന്ന് ജ്യോതിച്ചേച്ചി ജാജ്ജ്വലമായിട്ടെഴുതിപ്പൊലിപ്പിച്ച ലേഖനവും പൊക്കിയിരുന്നു!



എന്റ വ്യാകുലമാതാവേ..! എവനെയൊക്കെ സമ്മതിക്കണം!! ഘടാഘടിയന്മാരായ നല്ല ബ്ലോഗുമൂപ്പന്മാരുടെ തറവാട്ടുബ്ലോഗീന്നുതന്നെ പൊക്കി;പേരുമാറ്റിയിട്ടിരിക്കുന്നു!



ഉഷടീച്ചറിന്റെ ചായപ്പാത്രത്തില്‍ നിന്നും ഈ ഈച്ച തൊട്ടുനക്കിയിരിക്കുന്നു...
“ആവിഷ്കാരത്തിന്റെ അതിരുകളേ..?!!”

Friday, September 12, 2008

ഹാപ്പി ഓണം

ഹാപ്പി ഓണം!!

(അത്തപ്പൂക്കളം,വള്ളം കളി,പുലികളി,കസവുസാരിയുടുത്ത പെണ്ണുങ്ങള്‍,കുടവയറന്‍ മാവേലി തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ഇവിടെ സങ്കല്‍പ്പിച്ച് വായിക്കുക!)

മു
റ്റത്ത് ഉപ്പില്‍ നിറം ചേര്‍ത്ത് കുട്ടികളുടെ ‘അത്തപ്പൂക്കളമത്സരം’!

അവധിയുടെ അഹങ്കാരത്തില്‍ ഗൃഹനാഥന്മാര്‍ ബാറുകളില്‍ ഒത്തുകൂടി ബിവറേജസ് കോര്‍പ്പറേഷന്റെ നിലവാരത്തെയും രാഷ്ട്രീയഗതിവിഗതികളേയും വിശകലനം ചെയ്യുന്നു!

അടുത്ത ഹോട്ടലില്‍ ഓര്‍ഡര്‍ ചെയ്ത “ഓണസദ്യ” കൊണ്ടുവരാന്‍ വൈകുന്നതില്‍ വിഷമിച്ച വീട്ടമ്മമാര്‍ ടി.വി.ക്കു മുന്നില്‍ അസ്വസ്ഥരാകുന്നു!

കലയുടെ കഥകളിമുദ്രകളില്‍ കോര്‍പ്പറേറ്റ് പരസ്യങ്ങളുടെ വികലഭാഷ!

ചെറുപ്പക്കാര്‍ ഓണം അക്ഷരാര്‍ത്ഥത്തില്‍ ആടിത്തിമര്‍ക്കുന്നു...!

കുടവയറന്മാരെ മാവേലിയാക്കി സമരപ്പന്തലുകളില്‍ പട്ടിണിക്കിടുന്നു!

പാവം മുത്തശ്ശിമാര്‍!!
വീടിന്റെ ഉള്ളറകളിലെവിടെയോ...
നരച്ച ഓര്‍മ്മകളില്‍ നിന്ന് അവര്‍ പരതിയെടുക്കുന്ന ഓണം പങ്കുവെക്കാനാളെക്കിട്ടാതെ...
പുറത്തെ ശബ്ദങ്ങളില്‍ക്കുഴങ്ങി...
പതിയെ ഉറങ്ങുന്നു!

ചടങ്ങുതെറ്റിക്കാതെ അരൂപിയും പറയുന്നു!

“ഹാപ്പി ഓണം!!”

“എന്താ മോനേ...?!” അകത്തെവിടെയോ നിന്ന് അടര്‍ന്നുവീഴുന്ന ഒരു വൃദ്ധശബ്ദം!

“ഹാപ്പി ഓണം...അതായത്..
അതിപ്പോ...
മലയാളത്തിലും അതിപ്പോ അങ്ങനെതന്നാ അമ്മൂമ്മേ..!”

Thursday, September 4, 2008

ഒന്നും സ്വന്തമല്ലാത്ത സ്വന്തം രെജി!!

ഒന്നും സ്വന്തമല്ലാത്ത സ്വന്തം രെജി!!

ഈ പാവത്തിന്റെ മുഖത്തുനോക്കിയാല്‍ എന്തെങ്കിലും കള്ളലക്ഷണമുണ്ടോ?
ഇല്ലേയില്ല! ബൂലോകത്തുള്ളതെല്ലാം സ്വന്തമായിക്കരുതുന്ന എല്ലാവരുടേയും സ്വന്തം രെജിയാണിത്!
ഈ ചിത്രത്തില്‍ കാണുന്നത് ഏതെങ്കിലും ഒരു രെജിയുടെ ചിത്രമാണോ എന്നുതന്നെ അരൂപിക്കുട്ടന് സംശയമുണ്ട്!!

ഇദ്ദേഹത്തിന്റെ ഒരു പരാതി ബൂലോകപ്പോലീസിനുകിട്ടിയതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ. ഒരു ഡമ്മിയൊക്കെയിട്ട് കേസന്വേഷണം നടത്തി. കുറ്റം പറയരുതല്ലോ.. ഈ പാവം കുത്തിയിരുന്ന് എഴുതിയുണ്ടാക്കി ബ്ലോഗിലിടുന്നതിനുമുമ്പേ ബൂലോകത്ത് തലതൊട്ടപ്പന്മാരും അമ്മച്ചിമാരുമായിട്ടു നടക്കുന്ന ചിലരൊക്കെ അതു മോഷ്ടിച്ച് അവരുടെ ബ്ലോഗുകളില്‍ കൊണ്ടുപോയി പതിപ്പിച്ച് കയ്യടിവാങ്ങുന്നു.

അമ്മാവന്‍ അങ്കമാലീലെ പ്രധാനമന്ത്രിയായിട്ട് എന്തുകാര്യം?!ചോദിക്കാനും പറയാനും ആരെങ്കിലും വേണ്ടേ?!

അരൂപിക്കുട്ടന്‍ ഈയിടെയായി മിന്നാമിനുങ്ങോമാനിയാക്ക് ചികിത്സയിലാരുന്നു. എവിടെ എന്തുകണ്ടാലും അതിലെവിടെങ്കിലും ഒരു മിന്നാമിനുങ്ങിടച്ചുണ്ടോന്ന് സംശയിച്ച് തലചൊറിഞ്ഞ് നില്‍ക്കും! രെജിയുടെ ബ്ലോഗിന്റെ തലവാചകം കണ്ടപ്പോഴാണ് മോഷണത്തിന്റെ ആ ട്രെയിന്‍ ഓടിയിരിക്കുന്നത് ശ്രദ്ധിച്ചത്....
എരന്നുതിന്നുന്നവനെ തൊരന്നുതിന്നുന്നവന്‍ എന്നുതുടങ്ങി ‘കിലുക്കം’സിനിമയില്‍ ജഗതിയും ലാലേട്ടനും പറഞ്ഞ അശ്ലീലങ്ങളെയൊക്കെ അന്വര്‍ത്ഥമാക്കിക്കൊണ്ട് അതങ്ങനെ നീണ്ടുകിടക്കുന്നു!
പാവം സജി ഇതെവിടുന്നാ പൊക്കിയതെന്ന് അന്തം വിട്ടുനില്‍ക്കുന്നവര്‍ ആ അന്തം ഒന്നു മുറുക്കെപ്പിടിച്ചോളൂ..ഇല്ലെങ്കില്‍ വീണ്ടും വിട്ടുപോവും!


ഇതിലെ ചില വരികളാണല്ലോ സ്വന്തം രെജിയുടെ ബ്ലോഗിന്റെ തലക്കെട്ട്!!

യ്യോ..!!

ദേ.. സജിയുടെ കലാലയസന്ധ്യ ഇവിടെ... രെജിയുടെ സ്വന്തം!!

പാവം സജി!!

ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാല്‍........

ഒടുങ്ങുന്നില്ല....

ചൈനയില്‍ മഴ പെയ്തത് രെജി അറിഞ്ഞിരുന്നു.



പക്ഷേ നമ്മുടെ സാബു പ്രയാര്‍ അതല്പം നേരത്തേ അറിഞ്ഞുപോയി!


മഴയിപ്പോ ചന്നം പിന്നംന്ന് എല്ലായിടത്തും ഒരുപോലായിരിക്കുമല്ലോന്നുകരുതി പോകാനൊരുങ്ങുമ്പോഴാണ് രെജിയുടെ ഏതോ പഴയ ഒരു അപര്‍ണയുടെ ദൈവീകദര്‍ശനം കാണുന്നത്..!


അദ്ധ്യാപകദിനത്തിന്റെയന്നെങ്കിലും ഗുരുത്വദോഷം പറയരുതല്ലോ?! ഈ കഥ പണ്ടേ വേറൊരാള്‍ പൊക്കിയിരുന്നു...നമ്മുടെ ശ്രീയേച്ചി!!



ഇങ്ങനെയുമുണ്ടോ നാണം കെട്ട കോപ്പിയടിയെന്ന് വ്യക്തിഹത്യാപരമായി ചിന്തിച്ച അരൂപിക്കുട്ടനെ അല്പമൊന്ന് സമാധാനിപ്പിച്ചത് അല്പം ടെക്നിക്കോളജിയൊക്കെയുള്ള ഒരു പോസ്റ്റായിരുന്നു!



ഇതുവായിച്ചിട്ട് എന്റെ പഴയ ഡീസല്‍ എഞ്ചിന്‍ ഉടന്‍ മാറ്റിക്കളയാം എന്നുകരുതിയിറങ്ങിയോടാന്‍ തുടങ്ങുമ്പോഴാണ് ഇതേ എഞ്ചിന്‍ ഘടിപ്പിച്ച ഒരു പഴയവണ്ടിയെപ്പറ്റി ഓര്‍മ്മവന്നത്..


ഈശ്വരോ രക്ഷതു! രെജി ആ സൈഡുമാറ്റിക്കൊടുത്തിരിക്കുന്ന കൈപ്പള്ളീടെ ബൈബിളിലേക്കുള്ള ലിങ്ക് ലവനെ രക്ഷിക്കട്ടെ!

അരൂപിക്കുട്ടന്‍ ചിരിച്ചുചിരിച്ച് മരിച്ചുപോയേനെ!(ഹോ..എങ്കില്‍ എത്ര നന്നായിരുന്നു എന്നല്ലേ? ഇമ്മിണി പുളിക്കും! ങാഹാ!!)

അനോണിമാഷ് നമ്മുടെ പാവം രെജിയുടെ ഒരു ഫലിതബിന്ദു കോപ്പിചെയ്ത് പണ്ടേ സാബു പ്രയാറിനെ ചിരിപ്പിക്കാന്‍ ഒരു കമന്റായിട്ടിട്ടിരിക്കുന്നു! എന്താ അമ്മാളൂ... കഷ്ടല്ലേ??!


വയ്യ...എനിക്കിനി വയ്യ!!

ഈ ബൂലോകത്തില്‍ തനിക്കുള്ളതൊക്കെ അന്യര്‍ക്കുവേണ്ടി ഉഴിഞ്ഞുവച്ചുകൊടുക്കുന്ന ആ മഹാനുഭാവന്റെ ബ്ലോഗിലെ ഒന്നൊഴികെ എല്ലാം മോഷ്ടിക്കപ്പെട്ടിരിക്കുന്നു.
ചോദിക്കാനാരുമില്ലേ?! കഷ്ടം തന്നെ!!!

ഒന്നൊഴികെ”എന്നുപറഞ്ഞതെന്താണെന്നാണുചോദ്യമല്ലേ?



കര്‍ത്താവേ ഈ പോസ്റ്റും ഇനി മോഷണമായിരുന്നുവെന്ന് കേള്‍ക്കേണ്ടിവരരുതേ...!!

Monday, August 25, 2008

പഴം കവിത അവാര്‍ഡ് രായു നിരങ്ങലിന്...!

പഴം കവിത അവാര്‍ഡ് രായു നിരങ്ങലിന്...!



ലോകത്ത് അറിഞ്ഞോ അറിയാതെയോ കവിതയെഴുതിപ്പോയിട്ടുള്ള അസംഖ്യം മലയാളികള്‍ക്കായി പഴം കവിത നടത്തിയ പ്രഥമ പഴം കവിതാ അവാര്‍ഡ് രായു നിരങ്ങലിന്.ഇതുകേട്ട് ബൂലോകം ഞെട്ടാന്‍ വരട്ടെ! ഇന്ന് ഏപ്രില്‍ ഒന്നല്ല തീയതി! അതുകൊണ്ട് ഇതു സത്യം തന്നെ!

ബൂലോകത്തില്‍ നിന്ന് കണ്ട അണ്ടനും അടകോടനും ചെമ്മാനും ചെരുപ്പുകുത്തിയുമൊക്കെ(ക്ഷമിക്കുക,എല്ലാം തൂലികാനാമങ്ങളാണ്;അങ്ങനെ കവിതയെഴുതണമെന്നാണു വയ്പ്പ്!)ഉള്‍പ്പടെ 1850 ഓളം കവികള്‍(ഓളം കവികള്‍:വിക്കി വിക്കിപ്പീഡികപ്രകാരം ഓളം കവികള്‍ ഒരു പ്രത്യേക ഓളത്തില്‍ മാത്രം കവിതയെഴുതുന്നവരാണ്!) മത്സരത്തില്‍ പങ്കെടുത്തു. മലയാള അച്ചടിമാഫിയാകളില്‍ കവിതയെഴുതുന്ന ആകെ മൊത്തം ടോട്ടല്‍ കവികള്‍ ഇത്രയും വരില്ലെന്നുള്ള കണക്കെടുപ്പുകള്‍ തന്നെ പഴം കവിതാ മത്സരത്തിന്റെ നിലവാരം വെളിവാക്കുന്നു!

ബൂലോകത്തിലെഎഴുത്തുകാരുടെ ദുര്‍ദശാബോധവും വ്യക്ത്യാതിരക്തതയും ചാവാച്യതയും കൂലം കുത്തിയൊഴുകുന്ന പഴം കവികളിലെ കാവ്യശക്തിയെ ഉള്ളിതൊലിക്കുമ്പോലെ തുറന്നുകാട്ടുവാന്‍ സാധിക്കുമാറ് ഓരോ കവിതകളും ഉന്മേഷജമായിരുന്നുവെന്ന് ജഡ്ജിങ്ങ് കമ്മിറ്റി വിലയിരുത്തി.

ജഡ്ജിങ്ങ് കമ്മറ്റി:
1.രായുവിന്റെ മൂത്ത അമ്മാവന്‍
2.രായുവിന്റെ രണ്ടാമത്തെ അമ്മാവന്‍
3.രായുവിന്റെ കയ്യില്‍ നിന്ന് കടം വാങ്ങി മുങ്ങിയ കാവ്യ ഉത്തമന്‍
4.രായുവിന്റെ ഗ്ലാസ് മേറ്റ്

കണ്ണൂര്‍ പുഴയോരം സ്വദേശിയായ രായു ഇപ്പോള്‍ ഉസ്ബക്കിസ്ഥാനില്‍ ക്രഡിറ്റ്കാര്‍ഡ് വില്‍പ്പനക്കാരനായി ജീവത്രാണനം ചെയ്യുന്നു.ഫെബ്രുവരി 30-ആം തീയതി പഴം കവിത സംഘടിപ്പിക്കുന്ന (ലൊക്കേഷന്‍:കുട്ടനാടന്‍ ഓടിവള്ളം) ബൂലോകകവിതാശില്പശാലയില്‍ പേവാര്‍ഡും ദേസാഫിമാനിപ്പത്രവും സമ്മാനിക്കുന്നതാണ്.മത്സരത്തില്‍ പങ്കെടുത്ത എല്ലാമണ്ടന്മാര്‍ക്കും അഭിനന്ദങ്ങള്‍.

അവാര്‍ഡിനര്‍ഹമായ കവിത

ഒരു വാറ്റിന്റെ കഥ

രായു നിരങ്ങല്‍

കള്ളവാറ്റു നിന്നപ്പോഴാണ്
തലയിലെ കെട്ടൊന്നിറങ്ങിയത്

കെട്ടൊന്നിറങ്ങിയപ്പോഴാണ്
തുണികളെല്ലാം വാരി മാടത്തിലൊളിച്ചത്

ഒരു മാടം തുറന്നപ്പോഴാണ്
കുടിച്ചു വറ്റാത്ത
ഒരുകുപ്പി കയ്യില്‍ തടഞ്ഞത്.
ഒരു കുടിയന്റേതാകാം
ഒരു കൂട്ടുവാറ്റുകാരന്റേതാകാം
ഒരിക്കലും തെളിയാത്ത
ഒരു കോടസത്തയുടെ തെളിനീരുമാകാം.


കുടലിന് തീ പിടിച്ചപ്പോഴാണ്
വാറ്റ് ആ തലയില്‍ പെരിപ്പിനിടം തേടിയത്
എല്ലാ വൈകുന്നേരങ്ങളിലും
തലക്കുടുമക്കുപിടിച്ച്
ഇരുമ്പാര്‍ന്നൊരു പൈങ്കിളി എത്തുന്നു.
കടംപറയാനോ
അടവിറക്കാനോ


ഏതോ രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഉറ പൊട്ടിയ
വാതിലേതെന്നറിയാതെ ദിക്കു തെറ്റിയ പൊട്ടന്‍
വധംവധിച്ചീ ബൂലോകപ്പരപ്പിലൊരു
ഇടിത്താവളം കണ്ടെത്തിയ പോലെ

ഇന്നുംകൂടിപ്പറ്റില്ലേ..

ഒരു അരക്കുപ്പിക്ക് ഷെയറില്ലേ..
ബാറ്ററിയും അട്ടയുംതരുന്ന..
ആവേശമെന്നേ കരുതിയുള്ളു

തളര്‍ന്നുവീഴാനൊരു
വെയിറ്റിങ്ങ് ഷെഡ്ഡെങ്കിലും വേണമല്ലോ
ബോധം വന്നാലല്ലേ വീട്ടിലെത്താന്‍‍ പറ്റൂ..!

നാളെയും ഞാനിവിടെ
ഉണ്ടാകുമെന്നീ ബൂലോകരോടെങ്ങിനെ പറയും?
കാണാതെ തിരഞ്ഞെത്തി എന്റെ തലയന്വേഷിച്ച്
വലഞ്ഞ് വട്ടം ചുറ്റുന്ന ഭാര്യ
എന്നെ ശപിക്കുമോ?
അതോ അവള്‍ക്ക്(അവള്‍ക്കെങ്കിലും)
തിരിച്ചു പോകാന്‍ വഴിയറിയുമോ??

പച്ചവെള്ളതില്‍ ലയിക്കുന്ന
വാറ്റിനെ എനിക്ക് സങ്കല്പിക്കാന്‍ കഴിയില്ല;
വാറ്റില്‍ ഞാനും വെള്ളവുമാണല്ലോ ലയിക്കുക!
ആയതിനാല്‍
ലയിച്ചു തീരാത്ത
ഒരസ്ഥിയെങ്കിലും നട്ടെല്ലില്‍ ബാക്കിയാവും വരെ
ഈ മണ്ണില്‍ ഞാന്‍ ‍
ഒരു വാറ്റിനായ് കാത്തിരിക്കട്ടേ.....!!

ഇതിനാണ് അവാര്‍ഡുകിട്ടിയതെന്നറിഞ്ഞ് മൂക്കത്ത് വിരല്‍‌വക്കുന്ന വായനക്കാരാ.....

ഉടന്‍ പ്രതീക്ഷിപ്പിന്‍....

രായു നിരങ്ങല്‍ എഴുതുന്ന സിനിമാ-സാഹിത്യ നിരൂപണ സമാഹരണ അവലംബങ്ങള്‍!

ആദ്യഭാഗം മുതല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് വായനക്കാര്‍ ഏകപക്ഷീയമായി മുന്നോട്ടുപോകണമെന്ന് സഹങ്കാരം അഭ്യര്‍ത്ഥിക്കുന്നു!ചര്‍ച്ചയില്‍ “ന്താപ്പോ ചെയ്യാ കുട്ട്യേ?” “ഈ ഓപ്പോളെങ്ങടാ പോയേ?”മാതിരിയുള്ള സവര്‍ണ-പിന്തിരിപ്പന്‍-മൂരാച്ചി-വള്ളുവനാടന്‍ ഫാഷകള്‍ ഒഴിവാക്കുക!അതിനുപകരം “എന്തര് ചെയ്യാനെടിയപ്പീ?” “ഈ അക്കന്‍ എവിടപ്പോയിക്കെടക്കണായെന്തോ?” തുടങ്ങിയ തനി മലയാളം ഉപയോഗിക്കുക! ഭാഷയുടെ അവലംബങ്ങള്‍ വള്ളുവനാടന്‍ കഥാപാത്രങ്ങളുടെ അധമ-ഫ്യൂഡലിസ്റ്റ് ജിഹ്വകളിലേക്ക് നീളാതിരിക്കട്ടെ!

ആദ്യലേഖനം

ഫാസിലിന്റെ നായികാ-നായക കഥാപാത്രങ്ങളുടെ ചാരിത്ര്യപരമായ നിയോഗം എന്തായിരുന്നു?
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ വരുന്നവര്‍ നെടുങ്കന്‍ ചോദ്യങ്ങളും സംശയങ്ങളുമൊന്നും ചോദിക്കരുത്!അതിനൊക്കെ ഉത്തരം പറയാനുള്ള വളുവളാ നാടന്‍ ഫാഷയൊന്നും അറിയില്ല!സത്യത്തില്‍ ഈ ലേഖനം ഞാന്‍ അവലംബിക്കുന്നത് ലേബലില്‍ പറഞ്ഞിരിക്കുന്നതുപോലെ ഫയര്‍ മാഗസിനില്‍ നിന്നാണ്. എഴുതിയത് സഹജന്‍.എ.വി.
പണ്ടാരമടങ്ങാന്‍ ഇത് പബ്ലിക്ക് ചെയ്തിട്ട് അയാളെപ്പോയി ചര്‍ച്ചക്കുവിളിച്ചിട്ട് അങ്ങോര്‍ തിരിഞ്ഞുനോക്കിയതുപോലുമില്ല!